തൃശൂർ: കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നാമമാത്രമായി നടപ്പാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും പെൻഷനിൽ കാലാനുസൃതമായ വർധനവും അർഹമായ ക്ഷാമബത്തയും അനുവദിക്കണമെന്നും 13-ാമത് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ഭരണനിർവഹണവും വിതരണവും കേരള ബാങ്കിനെ ചുമതലപ്പെടുത്തുക, പെൻഷൻ ബോർഡിൽ റിട്ടയർ ചെയ്ത ജീവനക്കാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ശശിധരൻ അധ്യക്ഷനായി. കൗൺസിലർ സാജൻ സി.ജോർജ്, കോടശേരി പഞ്ചായത്തംഗം കെ.ആർ. രാധാകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. 75 വയസ് പൂർത്തിയായ അസോസിയേഷൻ അംഗങ്ങളായ എം.കെ. അഗസ്റ്റിൻ, ഇ.കെ. സുരേന്ദ്രൻ എന്നിവരെ ആദരിച്ചു.